Kerala
തിരുവനന്തപുരം: ആരോഗ്യനില മോശമായി ഐസിയുവിൽ കഴിയേണ്ടി വന്നപ്പോഴും തന്റെ ചിന്തകൾ മുഴുവൻ പാർട്ടിയെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെയും കുറിച്ചായിരുന്നുവെന്ന് അടൂർ പ്രകാശ്. ശാരീരികമായ അവശതകളേക്കാൾ ഉപരിയായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് അദ്ദേഹം പങ്കുവെച്ചത്.
ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോഴും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ ആത്മവിശ്വാസവും.
അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആറ്റിങ്ങൽ മണ്ഡലത്തിലെയും സംസ്ഥാനത്തെയും യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, പരാജയഭീതിയല്ല മറിച്ച് വിജയപ്രതീക്ഷയാണ് തന്നെ നയിക്കുന്നതെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ പോരാട്ടവീര്യം യുഡിഎഫ് ക്യാമ്പുകൾക്ക് പുതിയ കരുത്ത് പകർന്നിരിക്കുകയാണ്.
National
ന്യൂഡൽഹി: ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മേഖലകളിലായി സിവിൽ സർവീസിൽ 2834 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. ലോക്സഭയിൽ അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര പർസണൽ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഎഎസിൽ അനുവദിക്കപ്പെട്ട 6877 തസ്തികകളിൽ 5577 പേരും ഐപിഎസ് വിഭാഗത്തിലെ 5099 തസ്തികകളിൽ 4594 പേരും ഐഎഫ്എസ് വിഭാഗത്തിലെ 3193 തസ്തികകളിൽ 2164 പേരുമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഐഎഎസ് വിഭാഗത്തിൽ 1300 തസ്തികകളും ഐപിഎസ് വിഭാഗത്തിൽ 505 തസ്തികകളും ഐഎഫ്എസ് വിഭാഗത്തിൽ 1029 തസ്തികകളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
സിവിൽ സർവീസിലെ ഒഴിവുകൾ നികത്തുന്നത് ഒരു നിരന്തര പ്രക്രിയയാണെന്നും ഓരോ വർഷവും സംസ്ഥാനങ്ങളിലെ ഭരണപരമായ ആവശ്യങ്ങളും സ്ഥാനക്കയറ്റ സാധ്യതകളും പരിഗണിച്ച് നിയമനങ്ങൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മറുപടിയിൽ വ്യക്തമാക്കി. ഓരോ അഞ്ചു വർഷം കൂടുന്പോഴും നടക്കുന്ന കേഡർ റിവ്യൂ പ്രക്രിയയിലൂടെ ഒഴിവുകളും ഭാവിയിലെ ആവശ്യങ്ങളും വിലയിരുത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില് യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കേരളത്തിലെ ജനങ്ങള് തങ്ങള്ക്കൊപ്പമുണ്ടെന്നും അടൂര് പ്രകാശ് അവകാശപ്പെട്ടു. എല്ലാ ജില്ലയിലും മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുളള പ്രവര്ത്തനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"23 വര്ഷം കോന്നിയിലെ ജനങ്ങള്ക്കായി പ്രവര്ത്തിച്ചു. പാര്ട്ടി പറഞ്ഞപ്പോള് ആറ്റിങ്ങലിലേക്ക് മാറി. മത്സരിക്കാന് താല്പ്പര്യം പ്രകടിപ്പിച്ചിരുന്നു. എംപിമാര് മത്സരിക്കേണ്ടെന്ന് ഹൈക്കമാന്ഡ് തീരുമാനിച്ചു. ആ തീരുമാനം അനുസരിച്ചു. ആദ്യത്തെ എന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിക്കാന് സാധ്യതയുളളതിനാലാണ് ഡിലീറ്റ് ചെയ്തത്.
പാര്ട്ടിയാണ് വലുത്. ആ തീരുമാനം തെറ്റായാലും ശരിയായാലും അംഗീകരിക്കും. പാര്ട്ടി ഇപ്പോള് എടുത്ത തീരുമാനം ശരിയാണ്. അതുകൊണ്ടാണ് അംഗീകരിച്ചത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയുമില്ല. ഒരു കാലുവാരലും ഉണ്ടാകില്ല.'-അടൂര് പ്രകാശ് പറഞ്ഞു.
യുഡിഎഫ് ജയിച്ചാല് മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്ഡ് തീരുമാനിക്കുമെന്നും കോന്നിയില് താന് നല്കിയ സ്ഥാനാര്ഥിയുടെ പേരാണ് അംഗീകരിച്ചതെന്നും അടൂര് പ്രകാശ് പറഞ്ഞു. കോന്നിയില് സീറ്റ് കിട്ടാത്തതില് ദുഃഖമില്ലെന്നും പാര്ട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാന് കഴിയുന്ന എല്ലാ കടമയും ഉത്തരവാദിത്വവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന് ഹൈക്കമാൻഡ് അറിയിച്ചതിന് പിന്നാലെ കോന്നി സീറ്റിനായി അവകാശവാദം ഉന്നയിച്ച് അടൂർ പ്രകാശ്.
മത്സരിക്കാൻ സുധാകരനുള്ള അതേ അർഹത തനിക്കുമുണ്ടെന്നും കോന്നിയിൽ എന്ത് പ്രത്യാഘാതം ഉണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്നും അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിച്ചു. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.
നേരത്തെ, കോന്നിയിൽ മത്സരിക്കാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അടൂർ പ്രകാശ് അറിയിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകുമെന്ന വാർത്തയ്ക്ക് പിന്നാലെ അദ്ദേഹം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
Kerala
ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. എംപിമാരായ കെ.സുധാകരനും അടൂര് പ്രകാശിനും ഇളവു നൽകിയതായി റിപ്പോർട്ടുകളുണ്ട്. വിജയസാധ്യത പരിഗണിച്ചാണ് ഇരുവർക്കും ഇളവു നൽകിയത്.
അതേസമയം ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും വലിയ തർക്കം തുടരുകയാണ്.
ചർച്ചകൾക്കായി കെ.സുധാകരൻ ഡൽഹിക്ക് തിരിച്ചു. പുലർച്ചെയുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. സീറ്റിന്റെ കാര്യത്തിൽ ഉറപ്പു ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ ആക്രമിച്ചപ്പോള് ഈ ധാര്മികതയൊന്നും കണ്ടില്ലല്ലോ എന്നും സിപിഎമ്മിന്റെ ഈ ധാര്മികത തെരഞ്ഞെടുപ്പ് മുന്നിക്കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന് ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ് അദ്ദേത്തിന്റെ നെറ്റി മുറിഞ്ഞ് ചോര ഒലിക്കുന്ന സമയത്തൊന്നും ഈ ധാര്മികത കണ്ടില്ലല്ലോ. ഉമ്മന്ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഈ ധാര്മികത ആര്ക്കും ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ് ഇപ്പോള് ധാര്മികത കൂടുന്നത്.
പ്രതിപക്ഷ നേതാവിന് ഇത്തരം കാര്യങ്ങള് ചെയ്യാനും ചെയ്യിക്കാനുമുള്ള ജോലിയല്ല ഉള്ളത്. അദ്ദേഹം ഇന്ന് കേരളത്തിലുടനീളം ജനങ്ങളുടെ മനസ് കണ്ടറിഞ്ഞ്, ഭരണത്തിന്റെ ഭീകരതകള് ജനങ്ങളെ അറിയിച്ചുകൊണ്ട് മുമ്പോട്ട് പോകുന്ന ഒരു അവസ്ഥയാണുള്ളത്. രാഷ്ട്രീയത്തിനതീതമായി, ജാതിമത ചിന്തകള്ക്കതീതമായി ഒരു വലിയ മുന്നേറ്റം കേരളത്തില് ഉടനീളമുണ്ടാകുന്നു. അതാണ് സിപിഎമ്മിന്റെ നേതാക്കന്മാര് ഇതിനെതിരെ ശബ്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.
മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി പറയാന് ഇപ്പോള് പറ്റുന്നില്ല. ഏതായാലും ഞങ്ങള് കാര്യങ്ങള് അന്വേഷിക്കട്ടെ – അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോഴാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എംപി എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് കൈമാറുക. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്.
ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ മാറ്റിയോ എന്നതിലും എസ്ഐടി ഇന്ന് വ്യക്തത വരുത്തും. ഇതുസംബന്ധിച്ച് വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി അറിയിച്ചിരുന്നു. അതേസമയം എൻ. വാസു കേസിൽ സ്വാഭാവിക ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും. റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും ഗോവിന്ദന് ആരോപിച്ചു.
ചോദ്യംചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ വീണ്ടും എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കും. ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തി അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയും ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു ചോദ്യം ചെയ്യൽ.
പോറ്റിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നപ്പോൾ തന്നെ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോറ്റിയും കേസിലെ മറ്റൊരു പ്രതി ഗോവർധനനും ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടപ്പോഴുള്ള ഫോട്ടോയിലും അടൂർ പ്രകാശും ആന്റോ ആന്റണിയുമുണ്ട്.
Kerala
തിരുവനന്തപുരം: സോണിയാ ഗാന്ധിയെ കാണാൻ തനിക്ക് സൗകര്യമൊരുക്കിയത് കർണാടകയിലെ തന്റെ ബന്ധം ഉപയോഗിച്ചാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്കു മൊഴി നൽകി. ആറ്റിങ്ങൽ മണ്ഡലത്തിലെ എംപിയെന്ന നിലയിലാണ് അടൂർ പ്രകാശിനെ വിളിച്ചതെന്നും പോറ്റി മൊഴി നൽകി.
ഏതാണ്ട് ഇതിനു സമാനമായ മൊഴിയാണ് അടൂർ പ്രകാശും നൽകിയതെന്നാണ് വിവരം. അടൂർ പ്രകാശിനെ വഴുതക്കാടുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുന്പോൾ, ചാക്കയിലെ എസ്ഐടി ആസ്ഥാനത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചിരുന്നു.
ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ചൊവ്വയും വെള്ളിയുമാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകേണ്ടത്. എന്നാൽ, ഇന്നലെ പ്രത്യേകമായി വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രചാരണായുധമാക്കാൻ ഇടതുമുന്നണി.
ശബരിമല സ്വർണക്കൊള്ളകേസിൽ മൂന്നു സിപിഎം നേതാക്കൾ അറസ്റ്റിലായിരിക്കേ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്പോൾ രാഷ്ട്രീയമായി യുഡിഎഫിനെ കൂടി പ്രതിരോധത്തിലാക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും തന്ത്രമാണ് നീക്കമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോ പുറത്തു വന്നതിന്റെ പേരിൽ അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്തെങ്കിൽ, പോറ്റിയുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
2019ലാണ് ശബരിമല സ്വർണക്കൊള്ള നടന്നതെന്ന് പ്രത്യേക അന്വേഷണ സംഘവും ഹൈക്കോടതിയും സ്ഥിരീകരിച്ചതാണ്. ഇക്കാലളയവിൽ പ്രതിപക്ഷത്തെ ഒരു എംപി മാത്രമാണ് അടൂർ പ്രകാശ് എന്നാണ് വിശദീകരണം. അദ്ദേഹത്തിന് ശബരിമലയിൽ കയറി സ്വർണക്കൊള്ള നടത്താൻ ഒരു തരത്തിലുള്ള അധികാരവും ഇക്കാലയളവിൽ ഇല്ലെന്നാണ് പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പറയുന്നത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡും അറിയാതെ ഒരു നീക്കവും നടത്താൻ കഴിയില്ലെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചിരിക്കേ യുഡിഎഫ് കണ്വീനറെ ചോദ്യം ചെയ്യുക വഴി മാധ്യമ ശ്രദ്ധ ജാഥയിൽ നിന്നു മാറ്റി ശബരിമലയിലെ സ്വർണക്കൊള്ളയിലെ യുഡിഎഫ് നേതാക്കളുടെ പങ്കിലേക്കു കൊണ്ടുവരാനുമുള്ള സിപിഎം തന്ത്രമാണെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
അതേസമയം, സിപിഎം നേതാക്കൾ പ്രതിസ്ഥാനത്തും ആരോപണമുനയിലും നിൽക്കുന്പോൾ കോണ്ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കണ്വീനറെ കൂടി ലഭിച്ചതാണ് തെരഞ്ഞെടുപ്പു നാളുകളിൽ ഇടതുമുന്നണിക്ക് പ്രചാരണ ആയുധമാക്കാൻ കഴിയുന്നത്. കടകംപള്ളി സുരേന്ദ്രനെ കൂടാതെ അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത കാര്യം സിപിഎം സമൂഹമാധ്യമങ്ങൾ വഴിയും താഴത്തട്ടിലും പ്രചാരണം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരിക്കേ 2004ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ആദ്യമായി ശബരിമലയിൽ എത്തിയതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ കൂടി ഇതുമായി ബന്ധപ്പെട്ട പ്രചാരണ വിഷയത്തിൽ ഉൾപ്പെടുത്തുകയാണ് ഇടതു തന്ത്രം.
നിയമവാഴ്ചയെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിലാണ് ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന സംഘം വിളിച്ചപ്പോൾ അടൂർ പ്രകാശ് എത്തിയതെന്നും പ്രതിയോടൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിലാണ് ചോദ്യം ചെയ്തതെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നും കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു ചില കോണ്ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർപ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. അടൂർ പ്രകാശ് എംപിയോട് പ്രതിപക്ഷനേതാവ് രാജി ആവശ്യപ്പെടുമോ.
അടൂർപ്രകാശിനെ ചോദ്യംചെയ്യുമെന്നത് മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷ നേതാവ് എസ്ഐടിയിൽ വിശ്വാസം ഇല്ലെന്ന് പറഞ്ഞതെന്നും ശിവൻകുട്ടി പറഞ്ഞു. അടൂർപ്രകാശ് പത്തനംതിട്ടയിൽ മത്സരിച്ചാൽ അയ്യപ്പൻ കൈകാര്യം ചെയ്തോളുമെന്നും മന്ത്രി പറഞ്ഞു.
അടൂർ പ്രകാശിനെ എസ്ഐടി ചോദ്യംചെയ്തതിനു പിന്നാലെ യുഡിഎഫിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പും ശിവൻകുട്ടി പങ്കുവെച്ചിരുന്നു. ആ പാരഡി പാട്ടൊന്ന് മാറ്റി പാടിയാലോ... എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
സ്വർണ്ണം കട്ടത് ആരപ്പാ എന്ന ഗാനം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് വൻതോതിൽ ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസിനെതിരേ എൽഡിഎഫ് ഇതേ പാരഡി ഗാനം തന്നെ ആയുധമാക്കിയിരുന്നു.
Kerala
കൊച്ചി: യുഡിഎഫ് കണ്വീനര് അടൂര് പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് കെ. സുധാകരന്. പലരും വായില് തോന്നിയത് വിളിച്ചു പറഞ്ഞേക്കുമെന്നും അന്വേഷണത്തില് എല്ലാം പുറത്തുവരുമെന്നും കൊച്ചിയില് മാധ്യമപ്രവര്ത്തകരോട് പ്രതികരിക്കവേ സുധാകരന് പറഞ്ഞു.
വായില് തോന്നിയത് ആരെങ്കിലും പറയുന്നത് സത്യമല്ല. അന്വേഷണം വരട്ടെ അപ്പോള് പറയാം. യുഡിഎഫ് കണ്വീനറെ മാത്രമല്ല, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്തേക്കാം. അതൊരു ലീഗല് പ്രോസസ് മാത്രമാണ്. സ്വാഭാവികമായും രാഷ്ട്രീയപ്രേരിതമുണ്ടാകുമെന്നും സുധാകരന് പറഞ്ഞു.
അതേസമയം, ചോദ്യം ചെയ്യലിനുശേഷം എസ്ഐടി അടൂര് പ്രകാശിനെ വിട്ടയച്ചു. രണ്ടര മണിക്കൂര് ആണ് എസ്ഐടി അടൂര് പ്രകാശിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല് നടന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കേസിൽ എസ്ഐടി ചോദ്യം ചെയ്യലിന് ശേഷം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ വിട്ടയച്ചു. അന്വേഷണ സംഘം അടൂർ പ്രകാശിനെ രണ്ടര മണിക്കൂർ ചോദ്യം ചെയ്തു.
ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്കി. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്കി. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. അതേസമയം, വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം രോഷാകുലനായി.
അടൂര് പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. വിളിച്ച ഉടൻ അടൂര് പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല. ശബരിമല സ്വര്ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്നും വേണുഗോപാൽ പ്രതികരിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ യുഡിഎഫ് കണ്വീനര് അടൂര് പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
അടൂര് പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണിത്. വിളിച്ച ഉടൻ അടൂര് പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല. ശബരിമല സ്വര്ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു.
22 കൊല്ലം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ്ഐടി മുഖ്യമന്ത്രിയുടെ കൈയിൽ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ.
മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ. ജോലിയുമായി ബന്ധപ്പെട്ട് പോറ്റി ശബരിമലയിൽ കയറിയത് 2007ലെന്ന വിവരം എസ്ഐടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
അതേസമയം, തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് അടൂര് പ്രകാശിനെ ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്ഐടി ചോദ്യം ചെയ്യുന്നു. കേസിൽ എസ്ഐടി ചോദ്യം ചെയ്യപ്പെടുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടുർ പ്രകാശ്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിരുന്നു.
സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികളിൽ നിന്ന് പാരിതോഷികങ്ങൾ സ്വീകരിച്ചോ എന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്. മോഷണ സ്വർണം കൈമാറ്റം ചെയ്തതിൽ എംപിക്ക് അറിവുണ്ടായിരുന്നുവോ എന്നതിലാണ് ഇപ്പോൾ വ്യക്തത തേടുന്നത്.
Kerala
പത്തനംതിട്ട: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. വിഷയത്തിൽ എൻഎസ്എസ് ആസ്ഥാനത്ത് പോയി കോൺഗ്രസിലെ ആരും ചർച്ചകൾ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ ചുരുക്കി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പങ്കുവച്ച് ആശങ്കയും എൻഎസ്എസിന്റെ പിന്മാറ്റത്തിന് കാരണമായെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അടൂർ പ്രകാശ്. സാമുദായിക സംഘടനകളെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. എല്ലാവരുമായും സംയമനത്തോടെയും യോജിപ്പിലും പോകാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗമാണ് എഎസ്എസ്-എസ്എൻഡിപി ഐക്യനീക്കം തള്ളിയത്. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.
ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണെന്നും സുകുമാരൻ നായർ പറഞ്ഞു. തങ്ങളുമായി ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ ചുമതലയേൽപ്പിച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരെത്തെ അറിയില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്.
2019ൽ ആറ്റിങ്ങൽ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റി എന്നെ വന്ന് കണ്ടത്. ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ക്ഷണിച്ചു. അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു.
പോറ്റിയുടെ പിതാവ് മരിച്ച ശേഷം പാർട്ടി പ്രവർത്തകർ പറഞ്ഞതിനനുസരിച്ച് പോയിരുന്നു. വെഞ്ഞാറംമൂട്ടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെപിസിസിയുടെ ജനറൽ സെക്രട്ടറി രമണി.പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽ പോയത്.
പോറ്റി ബംഗളൂരൂവിൽ വച്ച് കവറിൽ തന്നത് ഈന്തപ്പഴം ആയിരുന്നു. അപ്പോൾ തന്നെ അവിടെയുള്ള ആളുകൾക്ക് കൊടുത്തു. ബംഗളൂരൂവിൽ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാനെത്തിയത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്റെ ക്ഷണപത്രമാണ് അന്ന് കൈമാറിയതെന്നാണ് ഓർമ്മയെന്നും അടൂർ പ്രകാശ് പറഞ്ഞു.
പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയിട്ടുണ്ട്. സോണിയ ഗാന്ധിയെ കാണാൻ അനുമതി കിട്ടിയെന്നും, എംപിയെന്ന നിലയിൽ വരണമെന്നും പോറ്റി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് പോയത്.
സ്വന്തം മണ്ഡലത്തിലെ ആളുകളുടെ കല്യാണത്തിനും മറ്റ് ചടങ്ങുകൾക്കും താൻ പങ്കെടുക്കാറുണ്ടെന്നും, അവിടെ ഇല്ലാത്തപക്ഷം പിന്നീട് പോകുകയാണ് പതിവെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി അടൂർ പ്രകാശ് എംപി. ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ അടുത്ത ബന്ധമുണ്ട്.
ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഉണ്ണി കൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണം.
പോറ്റിയും സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാനാണ്. ഇതിനായി മുൻകൂർ അനുമതി വാങ്ങിയിരുന്നു.
അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. ഡൽഹിയിലെത്തിയപ്പോൾ കൂടെ വരണമെന്ന് പോറ്റി അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടർ ആയതുകൊണ്ടാണ് കൂടെ പോയതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്.
ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുണ്ടാക്കിയ പണിയാണിത്. എസ്ഐടി വിളിപ്പിച്ചാൽ ഹാജരാകും. എന്നാൽ, മാധ്യമങ്ങൾ പറയുന്നതിന് അനുസരിച്ച് എസ്ഐടിക്കു മുന്നിൽ പോകുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല. ഭയമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ കാണാൻ അനുമതി നേടിയിട്ടില്ല. അവിടെ പോയി എന്നതു യാഥാർഥ്യമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി എന്റെ പാർലമെന്റ് നിയോജക മണ്ഡലത്തിലുള്ളയാളാണ്. അദ്ദേഹം ആവശ്യമുന്നയിച്ചപ്പോൾ കേൾക്കാൻ തയാറായി. അത് അദ്ദേഹം കള്ളനാണ് അറിഞ്ഞുകൊണ്ടല്ല. ശബരിമലയിൽ നടന്ന അന്നദാനവുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു. ഇനി പറയാനുള്ള കാര്യങ്ങൾ എസ്ഐടി വിളിപ്പിക്കുമ്പോൾ മാധ്യമങ്ങളെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിനു ബന്ധമുണ്ടാകാൻ സാധ്യതയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംപിയെന്ന നിലയിൽ ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാകാം. മറ്റെന്തെങ്കിലും അറിവുണ്ടെന്നു കരുതുന്നില്ല.
അയ്യപ്പന്റെ മുതലു കട്ടവരാരും രക്ഷപ്പെടില്ല. കേസ് അന്താരാഷ്ട്ര മാനങ്ങളുള്ളതാണെന്നാണു വിവരം. അതുകൊണ്ടാണു കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പു തോൽവിയുടെ കാരണമെന്തെന്നു സിപിഐക്കു മനസിലായിട്ടും സിപിഎം അംഗീകരിക്കില്ല. ശബരിമലയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായില്ലെന്നാണു സിപിഎം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്.
പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നത്.
നേരത്തെ പോറ്റിയുമൊത്തുള്ള അടൂർ പ്രകാശിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ കനത്ത വിമർശനവുമായി സിപിഎം രംഗത്തുവന്നിരുന്നു.
അതേസമയം, ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ പോറ്റിയിൽ നിന്നും സ്ഥിരീകരണം തേടും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ എഐ നിർമിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് എംപി മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ആരാണ് അപ്പോയിൻമെന്റ് നൽകിയതെന്നതിൽ യുഡിഎഫ് കൺവീനർക്ക് മറുപടി ഇല്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
അടൂർ പ്രകാശ് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. സ്വർണകൊള്ളയിലെ രണ്ടു പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടതെന്നും എന്തിനായിരുന്നു സന്ദർശനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.
ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് കൺവീനർക്കുണ്ടെന്നും സ്വർണപാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയെ സംബന്ധിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അജീവിതയ്ക്കെതിരെ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന അനാവശ്യമെന്നുംനിരുത്തരവാദപരമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പദവിക്കനുസരിച്ചുള്ള പ്രസ്താവന നടത്തണം. തിരഞ്ഞെടുപ്പ് ദിവസം അത്തരത്തിലൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്നും മുരളീധരന് പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് നിലപാട്. സര്ക്കാര് അപ്പീല് ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്ക്കാര് അപ്പീല് പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നും ദിലീപിന് നീതി കിട്ടിയെന്നുമായിരുന്നു അടൂര് പ്രകാശിന്റെ ആദ്യ പ്രതികരണം. ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെപിസിസിയും എഐസിസിയും എതിര്ത്ത് നിലപാടെടുക്കുകയും സമൂഹമാധ്യമങ്ങളിലടക്കം വന് വിമര്ശനം ഉയരുകയും ചെയ്തതോടെ അടൂര് പ്രസ്താവന തിരുത്തിയിരുന്നു. എന്നാൽ അടൂർ പ്രകാശിന്റെത് അനാവശ്യ പ്രതികരണമാണെന്നും കോൺഗ്രസ് നിലപാട് അതല്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വീണ്ടും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടി നിലപാട് താൻ വിശദീകരിച്ചതാണെന്നും കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടെടുപ്പ് ദിനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വെറുതെ വിട്ട ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് രംഗത്തെത്തിയത്.
ഇതേ തുടർന്ന് അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. അന്തരിച്ച കോണ്ഗ്രസ് നേതാവ് പി.ടി. തോമസ് കേസില് സ്വീകരിച്ച നിലപാട് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ടി. സിദ്ദിഖ് എംഎൽഎ വിഷയത്തിൽ പ്രതികരിച്ചത്.
Kerala
കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രോസിക്യൂഷൻ കേസ് നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും. അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശ് നിലപാട് മാറ്റി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന് പറഞ്ഞതെന്ന് അടൂര് പ്രകാശ് പറഞ്ഞു. തന്റെ പ്രസ്താവന വളച്ചൊടിച്ചു.
താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല. നീതിന്യായ കോടതിയില് നിന്ന് വിധി വരുമ്പോള് തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങള് നടക്കണം.
പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് സര്ക്കാര് ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോണ്ഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂര് പ്രകാശ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നും കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അടൂർ പ്രകാശ് പറഞ്ഞത് വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തിൽ അതൃപ്തിയുമായി കെപിസിസി.
കോൺഗ്രസ് അതിജീവിതക്കൊപ്പമാണെന്നും സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ല. അടൂര് പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജ്.
അവൾക്കൊപ്പം തുടർന്നും ഉണ്ടാകും. അടൂർ പ്രകാശിന്റെ വാക്കുകളിലൂടെ കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്. നടി അനുഭവിച്ച പീഡനം. അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
Kerala
പത്തനംതിട്ട: നടിയുമായി ബന്ധപ്പെട്ട കേസില് നടന് ദിലീപിന് നീതി കിട്ടിയതായി യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ്. ഇന്നു രാവിലെ അടൂരില് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങള് എല്ലാവരുമെന്നു പറയാമെങ്കിലും നീതി എല്ലാവര്ക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം. അദ്ദേഹത്തിനു കോടതിയില് നിന്ന് നീതി കിട്ടിയെന്നതു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അടൂര് പ്രകാശ് പറഞ്ഞു. കേസിനെ സംബന്ധിച്ചു ദിലീപ് ചില പ്രതികരണങ്ങള് നടത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങളില് താനല്ല അഭിപ്രായം പറയേണ്ടത്.
ഏതു കേസും കെട്ടിച്ചമച്ച് ആരെയും ഉപദ്രവിക്കാന് കാത്തിരിക്കുന്ന സര്ക്കാരാണ് നിലവിലുള്ളതെന്നും അടൂര് പ്രകാശ് കൂട്ടിച്ചേര്ത്തു. സര്ക്കാരിനു മറ്റു ജോലിയൊന്നുമില്ലല്ലോ. എന്തു കേസും കെട്ടിച്ചമച്ച് ഉണ്ടാക്കാന് ശ്രമിക്കുന്ന ഒരു സര്ക്കാരാണ് ഇവിടെയുള്ളത്. നടിയുമായി ബന്ധപ്പെട്ട കേസില് സര്ക്കാര് അപ്പീലിനു പോകുമല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ആരെ ഉപദ്രവിക്കാനാകുമോയെന്നതു സര്ക്കാര് നോക്കിയിരിക്കുന്ന കാര്യമാണെന്നും അടൂര് പ്രകാശ് പറഞ്ഞു.
101 ശതമാനം പ്രതീക്ഷയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കണ്വീനര് പറഞ്ഞു. പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചാണ് മുന്നോട്ടു പോയത്. ശബരിമലയിലെ തീവെട്ടിക്കൊള്ള ചര്ച്ച ചെയ്യപ്പെടാതെ പ്രചാരണം മുന്നോട്ടു പോകാനാണ് സര്ക്കാര് ശ്രമിച്ചത്. യുഡിഎഫ് മുന്നോട്ടുവച്ച വിഷയം വഴിതിരിച്ചുവിടാന് സര്ക്കാര് ശ്രമിച്ചു. എന്നാല് അത് എത്രമാത്രം പ്രതിഫലിച്ചുവെന്ന് തെരഞ്ഞെടുപ്പുഫലം വരുമ്പോള് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വര്ണക്കൊള്ളയിലെ സത്യാവസ്ഥ പുറത്തുവരില്ലെന്ന് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. ശബരിമല സ്വര്ണക്കൊള്ളയില്നിന്നു ശ്രദ്ധ തിരിക്കുന്നതിനായുള്ള എല്ഡിഎഫ് തന്ത്രങ്ങള് വിജയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള് ഇനി ഉയര്ന്നുവരികയില്ലെന്ന് അവര് ഉറപ്പിച്ചുകഴിഞ്ഞുവെന്നും അടൂർ പ്രകാശ് കൊച്ചിയില് മാധ്യമങ്ങളോടു പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തിലിനെതിരേ പരാതി ലഭിച്ചയുടന് പോലീസിനു കൈമാറിയ കെപിസിസി നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില് എല്ഡിഎഫ് സര്ക്കാര് കാണിച്ചുതന്ന മുന് മാതൃകകൾ സ്വീകരിക്കുകയാണെങ്കില് പാര്ട്ടി നടപടിയെടുക്കുന്നതിനു പകരം കമ്മീഷനെ നിയമിക്കുമായിരുന്നു.
ആ കമ്മീഷന് കേസ് പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കുന്നതുവരെ നടപടിയെടുക്കാതെ കാത്തിരിക്കേണ്ടിവരുമെന്നതാണ് എല്ഡിഎഫിന്റെ രീതിയെന്നും രാഹുലിനെതിരേ കോണ്ഗ്രസ് കൈക്കൊണ്ട നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി എടുക്കുന്ന തീരുമാനത്തില് എല്ലാ കോണ്ഗ്രസുകാരും യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
District News
കൊടകര: ഒപ്പമുള്ള മന്ത്രിമാരെയും ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളം ഭരിക്കുന്നതെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു.
കൊടകരയിൽ സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പിഎം ശ്രീ പദ്ധതിയും ലേബർ കോഡും രഹസ്യമായി ഒപ്പിട്ടത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ തെളിവാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സർക്കാർ കാണിച്ചിരുന്ന രാഷ്ട്രീയമാന്യത കഴിഞ്ഞ പത്തുവർഷത്തോളമായി ഭരണത്തിലുള്ള പിണറായി സർക്കാർ കാണിക്കുന്നില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായ നിലപാടാണ് ഉമ്മൻ ചാണ്ടി സർക്കാരിനുണ്ടായിരുന്നത്. എംഎൽഎമാരുടെ പാർട്ടി നോക്കാതെയാണ് വികസന ഫണ്ടുകൾ അന്ന് നൽകിയിരുന്നത്.
യുഡിഎഫ് കൊടകര മണ്ഡലം കമ്മിറ്റി ചെയർമാൻ വി.എം. ആന്റണി അധ്യക്ഷതവഹിച്ചു. സുനിൽ അന്തിക്കാട്, ഡെൽജിത്ത് ഞെർളേലി, ജില്ലാപഞ്ചായത്ത് കൊടകര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി യു.എസ്. വിഷ്ണു, സദാശിവൻ കുറുവത്ത്, എം.കെ. ഷൈൻ, ജോയ് ചെമ്പകശേരി, പി.എൽ. ജോസ് എന്നിവർ പ്രസംഗിച്ചു
കാടുകുറ്റി: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയഭീതിപൂണ്ട സിപിഎമ്മും ഇടതുപക്ഷവും ശബരിമലക്കൊള്ള ചർച്ച ചെയ്യാതിരിക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ വേണമെന്നും എന്നാൽ ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യാതിരിക്കാനുള്ള തരംതാഴ്ന്ന നീക്കങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാടുകുറ്റി പഞ്ചായത്തിലെ കുലയിടം 13-ാം വാർഡിൽ സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ ജനഹൃദങ്ങളിൽ ഇടംനേടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരിച്ച അടൂർ പ്രകാശ് കഴിഞ്ഞ ഒമ്പതുവർഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്നത് അഴിമതിയും ജനദ്രോഹഭരണവുമായിരുന്നുവെന്ന് കുറ്റപ്പെടുത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്ഥാനാർഥി അഡ്വ. ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ലിജി അനിൽകുമാർ, വാർഡുകളിലേക്ക് മത്സരിക്കുന്ന ബാബു നമ്പാടൻ, ബിനീഷ് കുമാർ, ജിറ്റി ജിഷോ അടക്കം ഒട്ടേറെ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
Kerala
തൃശൂർ: ശബരിമലയിലെ സ്വർണക്കൊള്ള മറയ്ക്കാനുള്ള സർക്കാരിന്റെ കരുനീക്കമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിനു പിന്നിലെന്ന് യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവർക്കെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ പോരാടുമെന്നും അടൂർ പ്രകാശ് പറഞ്ഞു. പ്രസ് ക്ലബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിലാണ് അടൂർ പ്രകാശിന്റെ പ്രതികരണം.
രാഹുലിന്റെ കാര്യത്തിൽ സർക്കാരിന്റെ തെരഞ്ഞെടുപ്പു സ്റ്റണ്ടാണ് നടക്കുന്നത്.കേസ് വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കട്ടെ. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ കള്ളക്കേസുകൾ കുത്തിപ്പൊക്കുന്നത് എൽഡിഎഫിന്റെ സ്ഥിരം പ്രവണതയാണ്.
ശബരിമലപ്രശ്നം തകിടംമറിക്കാനുള്ള എൽഡിഎഫ് തന്ത്രമാണ് ഇപ്പോൾ നടപ്പാക്കുന്നത്. താൻ കോന്നിയിൽ മത്സരിച്ചപ്പോഴൊക്കെ നിരവധി കള്ളക്കേസുകളാണ് തനിക്കെതിരേ കൊണ്ടുവന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്നതു കള്ളക്കേസാണോ എന്ന ചോദ്യത്തിന്, നിയമത്തിനു വിധേയനായി രാഹുൽ ഇക്കാര്യം വ്യക്തമാക്കട്ടെ എന്നായിരുന്നു പ്രതികരണം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എംഎൽഎ നിയമസഭയിൽനിന്നു മാറിനിൽക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, പോലീസ് അന്വേഷിച്ച് കുറ്റക്കാരനെങ്കിൽ തെളിയിക്കട്ടെ എന്നായിരുന്നു മറുപടി.
തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വളരെ അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. യുഡിഎഫ് മുന്നേറ്റത്തിനു കോട്ടംവരുത്താനുള്ള സർക്കാരിന്റെ ശ്രമമാണ് മറ്റു കേസുകൾ കുത്തിപ്പൊക്കുന്നതിനു പിന്നിൽ.
സ്വർണക്കൊള്ളയിൽ പ്രതികളായ പത്മകുമാറും വാസുവുമെല്ലാം തനിക്കൊപ്പം രാഷ്ട്രീയചേരികളിലുണ്ടായിരുന്നവരാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്വർണക്കൊള്ള സംബന്ധിച്ച വിവരങ്ങളോ എസ്ഐടി റിപ്പോർട്ടുകളോ പുറത്തുവരാതിരിക്കാനാണ് സർക്കാരിന്റെ ശ്രമം.
പ്രതികൾക്കെതിരേ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എൽഡിഎഫ് മറുപടി പറയണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്വീനര് അടൂര് പ്രകാശ് എംപി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കടുത്ത എതിർപ്പ് എൽഡിഎഫിൽ പ്രകടിപ്പിക്കുന്നതിനിടെയാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തില് അടിച്ചമര്ത്തലിന് ഇരയായി എല്ഡിഎഫില് തുടരണൊയെന്ന് സിപിഐ ചിന്തിക്കണം. യുഡിഎഫിലേക്ക് വന്നാല് അര്ഹമായ സ്ഥാനം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ യുഡിഎഫിലേക്ക് വരണമെന്നും സിപിഎമ്മിന്റെ അപമാനം സഹിച്ച് എല്ഡിഎഫില് തുടരരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില് നിന്നും പലരും കോണ്ഗ്രസിലേക്ക് വരുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണപ്പാളി വിവാദത്തില് കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കേരള പaലീസ് അന്വേഷിച്ചാല് സത്യം തെളിയില്ല. ഇത്രമാത്രം വലിയ കൊള്ള നടന്നപ്പോള്, ആ കൊള്ളയ്ക്ക് പിന്നില് എന്തൊക്കെയാണ് നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ദേവസ്വം ബോര്ഡിന്റെ ചുമതല വഹിച്ചവര്ക്ക് പങ്കാളിത്തമുണ്ടോ, ഉദ്യോഗസ്ഥരില് ആരെങ്കിലും അതില് പങ്കാളികളാണോ എന്നതെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്ന് അടൂര് പ്രകാശ് പറഞ്ഞു.
ഇതേക്കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം നടത്തിയാല് മാത്രമേ സത്യം പുറത്തു വരികയുള്ളൂ. യാഥാർഥ്യം അറിയാന് ഭക്തജനങ്ങള്ക്ക് അവകാശമുണ്ട്. സംസ്ഥാനത്തെ ക്രൈംബ്രാഞ്ചിനെയോ മറ്റോ ഏല്പ്പിച്ചാല് നീതിയുക്തമായ അന്വേഷണം ആയിരിക്കില്ലെന്ന അഭിപ്രായമാണ് യുഡിഎഫിന് ഉള്ളത്.
കേന്ദ്ര ഏജൻസിയോ അല്ലെങ്കിൽ, കോടതിയുടെ മേല്നോട്ടത്തില്, കോടതി നിരീക്ഷണത്തിലുള്ള അന്വേഷണമോ നടക്കണമെന്നും അടൂര് പ്രകാശ് പറഞ്ഞു.
ശബരിമല സ്വര്ണപ്പാളിയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുക്കണം. സിബിഐ ഏറ്റെടുത്താല് ഇതിലെ വരും വരായ്കകള് പുറത്തു വരും. സിബിഐ ഏറ്റെടുത്തുകൊണ്ട് ആരൊക്കെയാണ് കൊള്ളയില് പങ്കാളിത്തം വഹിച്ചത്, ഏതൊക്കെ തരത്തില് പങ്കാളിത്തമുണ്ട് എന്നതെല്ലാം പുറത്തു വരണം. അയ്യപ്പന്റെ മുന്നില് ഭക്തിപൂര്വം സമര്പ്പിക്കുന്നത് അടിച്ചു മാറ്റിക്കൊണ്ടുപോകുന്നത് ഭക്തജനങ്ങള്ക്ക് സഹിക്കാന് പറ്റുന്നതല്ലെന്നും അടൂര് പ്രകാശ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകനെ പോലീസ് കസ്റ്റഡിയില് മര്ദിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഓണവിരുന്നുണ്ടതിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മർദ്ദന വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നില്ല.അങ്ങനെ വാർത്തകൾ വന്നിരുന്നെങ്കിൽ ഒരുപക്ഷേ സതീശൻ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു
അതേസമയം നിലപാടുകൾ സ്വീകരിക്കുന്നതു കൊണ്ടാണ് തനിക്കെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് സതീശന് പറഞ്ഞു.കേരളം തന്നെ ഇരമ്പി വന്നാലും ബോധ്യങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും പിന്നോട്ടു പോകില്ല.
സുധാകരൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാണ്. മുതിർന്ന നേതാക്കൾക്ക് തന്നെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ വിമർശനങ്ങളെ ബഹുമാനിക്കുന്നു. എന്തു പറയണം എവിടെ പറയണം എന്ന് തീരുമാനിക്കേണ്ടത് പറയുന്നവരാണെന്നും സതീശന് കൂട്ടിച്ചേര്ത്തു
Kerala
കൊച്ചി: യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവേ ഫലം ശശി തരൂർ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ചിലർ ബോധപൂർവം സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ല. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.